ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ രണ്ട് പ്രമുഖ പ്രസംഗങ്ങള്‍

vvv

1893 സപ്തംബര്‍ 11

അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്ലാദത്തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരില്‍, ഞാന്‍ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ.

***

ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത് എന്നതില്‍ എനിക്കഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതില്‍ ഞാനഭിമാനിക്കുന്നു.

***

കുട്ടിക്കാലം തൊട്ട് ഞാന്‍ പാടിവരുന്ന, ഇന്നും ലക്ഷങ്ങള്‍ പാടുന്ന ഏതാനും വരികള്‍ ഞാന്‍ പാടാം:
‘എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ
മനുഷ്യന്‍, വേഷമേതായാലും, മട്ടെന്തായാലും, ദൈവത്തില്‍ചേരുന്നു’
ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിന് നല്‍കുന്ന സന്ദേശമിതാണ് ഗീത നല്‍കുന്ന സന്ദേശം.
‘എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളില്‍ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു.

1893 സപ്തംബര്‍ 15

ഞാനൊരു കൊച്ചു കഥ പറയാം:
പണ്ട്, ഒരു കിണറ്റില്‍ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളര്‍ന്ന തവള. ഒരു കൊച്ചുതവള.
ഒരു ദിവസം കടലില്‍ ജനിച്ചുവളര്‍ന്ന മറ്റൊരു തവള യാദൃച്ഛികമായി ഈ കിണറ്റില്‍ വന്നുപെട്ടു.
നമ്മുടെ തവള ചോദിച്ചു: ‘നീയെവിടുന്നാ?’
‘കടലില്‍നിന്ന്’.
‘കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?’ കിണറിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി, നമ്മുടെ തവള ചോദിച്ചു.
വന്ന തവള ചിരിച്ചു. ‘എന്റെ ചങ്ങാതീ, കടലിനെയും ഈ ചെറു കിണറിനെയും എങ്ങനെയാ താരതമ്യം ചെയ്യുക?’
നമ്മുടെ തവള ഒരു ചാട്ടം കൂടി ചാടി ചോദിച്ചു: ‘അത്രയും വലുതാണോ കടല്‍?’
‘നീയെന്ത് വിഡ്ഢിത്തമാ പറയുന്നത്. കടലും കിണറും തമ്മില്‍ എന്തു താരതമ്യം?’
‘ശരി ശരി. ഈ കിണറിനെക്കാള്‍ വലുതായി ഒന്നുമുണ്ടാവില്ല. എനിക്കറിയാം. നീ നുണ പറയുകയാ.’
എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്.
ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയന്‍ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകള്‍ തകര്‍ക്കാന്‍ കാട്ടിയ മഹത്തായ ശ്രമത്തിന് ഞാന്‍ അമേരിക്കക്കാരായ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ ലക്ഷ്യം നേടാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

ഷിക്കാഗോ മതമഹാസമ്മേളനം..

കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാര്‍വലൗകിക പ്രദര്‍ശനമായ ഷിക്കാഗോ വിശ്വമേളയുടെ ഭാഗമായിരുന്നു മതമഹാ സമ്മേളനം. ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് അറുപതോളം മതപ്രഭാഷകര്‍ പങ്കെടുത്ത്, ഏഴായിരത്തോളം ശ്രോതാക്കള്‍ കാതും ഹൃദയവും തുറന്നിരുന്ന സദസ്സിനെ വിവേകാനന്ദന്‍ അഭിസംബോധന ചെയ്തു.

മറ്റ് മതപ്രഭാഷകര്‍ സ്വന്തം മതത്തിന്റെ മഹത്ത്വം പറഞ്ഞപ്പോള്‍ ‘എല്ലാ മതങ്ങളും സത്യമാണ്’ എന്ന തത്ത്വമാണ് വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ചത്.

ചിക്കാഗോ അനുഭവം…

ചിക്കാഗോ ലോകമതസമ്മേളനത്തിനെത്തിയ സ്വാമി വിവേകാനന്ദന്‍ അവിടത്തെ തന്റെ അനുഭവങ്ങളെപ്പറ്റി ശിഷ്യനായ അളസിംഗപെരുമാളിന് ഇങ്ങനെ എഴുതി: ”രാവിലെതന്നെ ഞങ്ങള്‍ പാര്‍ലമെന്റിലെത്തി. ചെറുതും വലുതുമായ രണ്ട് ഹാളുകള്‍ അവിടെ ഒരുക്കിയിരുന്നു. ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രഹ്മസമാജത്തില്‍നിന്നും മജുംദാര്‍, നഗാര്‍ക്കര്‍, ജൈനമതത്തില്‍നിന്നും മി. ഗാന്ധി, തിയോസഫിയില്‍നിന്നും ആനിബസന്റിനൊപ്പം മി. ചക്രവര്‍ത്തി എന്നിവരുണ്ട്. മജുംദാര്‍ എന്റെ പഴയ സുഹൃത്താണ്. ചക്രവര്‍ത്തിക്ക് എന്നെപ്പറ്റി കേട്ടറിയാം. ഞങ്ങളെല്ലാവരും പ്രസംഗവേദിയിലെത്തി. ചുറ്റും സംസ്‌കാരസമ്പന്നരായ പുരുഷാരം. ഏതാണ്ട് ഏഴായിരത്തോളം നസ്ര്തിപുരുഷന്മാരുണ്ടാവും സദസ്സില്‍. ജീവിതത്തിലൊരിക്കലും പൊതുവേദിയില്‍ പ്രസംഗിച്ചിട്ടില്ലാത്ത ഞാന്‍ ഈ വലിയ സദസ്സില്‍ പ്രസംഗിക്കാന്‍ പോകുന്നു! സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷപൂര്‍ണമായി സമ്മേളനം തുടങ്ങി. ഓരോരുത്തരായി പ്രസംഗവേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. എന്റെ ഊഴം അടുക്കുംതോറും എനിക്ക് ഹൃദയമിടിപ്പ് കൂടിവന്നു. നാവ് വരണ്ടു. രാവിലത്തെ സെക്ഷനില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്നുതന്നെ ഞാന്‍ കരുതി. മജുംദാറും ചക്രവര്‍ത്തിയും ചെയ്ത പ്രസംഗങ്ങള്‍ മനോഹരങ്ങളായിരുന്നു. നിറയെ കൈയടിയും നേടി. അവരൊക്കെ നന്നായി പഠിച്ചിട്ടാണ് വന്നത്. റെഡിമെയ്ഡ് പ്രസംഗങ്ങള്‍. ഞാനെന്തൊരു വിഡ്ഢിയായിപ്പോയി! ഡോ. ബാരോ എന്റെ പേര് വിളിച്ചു. എനിക്ക് വേറൊന്നും ചെയ്യാനില്ല. സരസ്വതീദേവിയെ മനസ്സില്‍ സ്തുതിച്ച് ഞാന്‍ പ്രസംഗപീഠത്തിനടുത്തേക്ക് നീങ്ങി. ഒരു കൊച്ചു പ്രസംഗം…… പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ ആകെ പരവശനായിരുന്നു.”

====

1863 ജനവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കൊല്‍ക്കത്തയില്‍ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ് ദത്തയും വിദ്യാസമ്പന്നയും ഇതിഹാസ പുരാണാദികളില്‍ പണ്ഡിതയുമായ ഭുവനേശ്വരിയുമാണ് നരേന്ദ്രനാഥ് ദത്തയുടെ മാതാപിതാക്കള്‍. നരേന്ദ്രന്‍, നരേന്‍ എന്നൊക്കെ നരേന്ദ്രനാഥിനെ അടുപ്പമുള്ളവര്‍ വിളിച്ചു. കുട്ടിക്കാലത്തുതന്നെ സ്‌നേഹവും ദയയും ഹൃദയത്തിലേറ്റിയ നരേന്ദ്രന്‍ പാവപ്പെട്ടവര്‍ക്കും സന്ന്യാസിമാര്‍ക്കും കൈയിലുള്ളതെന്തും നല്‍കുന്ന സ്വഭാവക്കാരനായിരുന്നു. ഒരിക്കല്‍ കേട്ടതൊന്നും മറക്കാത്ത രീതിയില്‍ അപാരമായ ഓര്‍മശക്തി ബാല്യത്തിലേ നരേന്ദ്രനുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം നരേന്ദ്രനില്‍ ഉടലെടുത്തു. അതിനായി ശിവനെ ധ്യാനിക്കുക പതിവായി. അങ്ങനെ ഏകാഗ്രമായ ധ്യാനം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനു സ്വന്തമായി.

വീട്ടിലെത്തി ഒരു ട്യൂട്ടറാണ് പ്രാഥമിക പാഠങ്ങള്‍ നരേന്ദ്രനെ പഠിപ്പിച്ചത്. ഏഴാം വയസ്സില്‍ (1870) നരേന്ദ്രനെ മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ ചേര്‍ത്തു. 1879ല്‍ ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഒന്നാംക്ലാസ്സില്‍ വിജയിച്ച് നരേന്ദ്രന്‍ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം ജനറല്‍ അസംബ്ലീസ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (പില്‍ക്കാലത്ത് സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ്) ചേര്‍ന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിര്‍ത്തിരുന്ന ബ്രഹ്മസമാജത്തിന്റെ പുരോഗമനാശയങ്ങളിലാകൃഷ്ടനായ നരേന്ദ്രന്‍ സമാജം പ്രവര്‍ത്തകനായി. അനുഗൃഹീതമായ മധുരശബ്ദത്തിനുടമയായിരുന്നു സ്വാമി വിവേകാനന്ദന്‍. ഉപകരണസംഗീതവും വായ്പ്പാട്ടും, ഹിന്ദിഉര്‍ദുപേര്‍ഷ്യന്‍ ഗീതങ്ങളും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. പ്രപഞ്ചത്തെയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്.

ഈശ്വരനെ കാണാന്‍ കഴിയുമോ? കണ്ടവരുണ്ടോ? എങ്ങനെയാണ് കാണാന്‍ കഴിയുക തുടങ്ങിയ വിഷയങ്ങള്‍ കുട്ടുകാരുമായും അധ്യാപകരുമായും ചര്‍ച്ചചെയ്തു. ഇംഗ്ലീഷ് അധ്യാപകനായ ഹേസ്റ്റിയില്‍ നിന്നാണ് നരേന്ദ്രന്‍ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ച് കേള്‍ക്കുന്നത്. ബന്ധുവായ രാമചന്ദ്രദത്തയാണ് ദക്ഷിണേശ്വരത്തു പോയി ശ്രീരാമകൃഷ്ണനെ കാണാന്‍ നിര്‍ദേശിച്ചത്. 1881ല്‍ നരേന്ദ്രന്റെ അയല്‍വാസിയായ സുരേന്ദ്രനാഥ് മിത്രയുടെ വീട്ടില്‍ ശ്രീരാമകൃഷ്ണന്‍ വന്നിരുന്നു. മിത്രയുടെ ക്ഷണപ്രകാരമെത്തിയ നരേന്ദ്രന്‍ ശ്രീരാമകൃഷ്ണനുവേണ്ടി ഒരു കീര്‍ത്തനം പാടി. സംപ്രീതനായ ശ്രീരാമകൃഷ്ണന്‍ ‘ഒരു ദിവസം ദക്ഷിണേശ്വരത്തേക്കു വരൂ’ എന്ന് ക്ഷണിച്ചിട്ടാണ് പോയത്. വൈകാതെ ചില കൂട്ടുകാരുമൊത്ത് ദക്ഷിണേശ്വരത്തു ചെന്ന നരേന്ദ്രനെ ഏറെ നാളായി പ്രതീക്ഷിച്ചിരിക്കുന്നതുപോലെ ശ്രീരാമകൃഷ്ണന്‍ സ്വീകരിച്ചു.

ഈശ്വരനെ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന്, ‘ഈശ്വരദര്‍ശനത്തിനുവേണ്ടി ആത്മാര്‍ഥമായി കേഴുന്നവനു മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല’ എന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ സന്ദര്‍ശനം. താനന്വേഷിക്കുന്ന ആത്മീയഗുരുവിനെ ശ്രീരാമകൃഷ്ണനില്‍ നരേന്ദ്രന്‍ കണ്ടെത്തി. ക്രമേണ സ്വയം സമര്‍പ്പിച്ച് ഗുരുവിന്റെ പ്രിയശിഷ്യനായി മാറി. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനില്‍ സ്വന്തം പിന്‍ഗാമിയെയാണ് കണ്ടെത്തിയത്. ‘സകല മാലിന്യങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന അഗ്‌നിയാണയാള്‍’ എന്നാണ് ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

1884ല്‍ നരേന്ദ്രന്‍ ബി.എയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛന്‍ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ചുമതല നരേന്ദ്രനിലായി. സമ്പാദ്യങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ കുടുംബം പട്ടിണിയിലായി. ഒരു തൊഴില്‍ തേടി നരേന്ദ്രന്‍ അലഞ്ഞുതിരിഞ്ഞു. കിട്ടിയ തൊഴിലുകളൊന്നും കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. ഈശ്വരസേവയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച അമ്മപോലും ദൈവത്തെ നിന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. കരുണാമയനായ ഒരു ഈശ്വരനുണ്ടെങ്കില്‍ നല്ലവരും ഭക്തരുമായ അനേകംപേര്‍ പട്ടിണികിടക്കുന്നതെന്തിനെന്നാലോചിച്ച് നരേന്ദ്രന്‍ നിരീശ്വരവാദിയായി.

ഒടുവില്‍ വഴിതേടി, ഗുരുവിന്റെ അടുക്കല്‍ വന്ന നരേന്ദ്രനോട് പ്രാര്‍ഥിക്കാനാണ് ഗുരു നിര്‍ദേശിച്ചത്. എന്നാല്‍ കാളീക്ഷേത്രത്തില്‍ പോയ നരേന്ദ്രന്‍ ‘ഭക്തി നല്‍കിയാലും, ജ്ഞാനമരുളിയാലും, വൈരാഗ്യമേകിയാലും’ എന്നാണ് പ്രാര്‍ഥിച്ചത്. മറ്റൊന്നും ആവശ്യപ്പെടാന്‍ നരേന്ദ്രനായില്ല. സന്തുഷ്ടനായ ഗുരു കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അനുഗ്രഹമേകിയത്രേ.

1886ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി. ഗംഗാതീരത്ത് ശരീരം സംസ്‌കരിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തില്‍ ശിഷ്യന്മാര്‍ തീരുമാനിച്ചു. ശ്രീരാമകൃഷ്ണ ഭക്തനായ സുരേന്ദ്രനാഥ് മിത്രയുടെ സാമ്പത്തികസഹായത്തോടെ കൊല്‍ക്കത്തയ്ക്കും ദക്ഷിണേശ്വരത്തിനും മധ്യേ വരാഹനഗരത്തില്‍ പഴയൊരു കെട്ടിടം വാടകയ്‌ക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.

ബെല്‍ഗം, ബാംഗ്ലൂര്‍ വഴി സഞ്ചരിച്ച് വിവേകാനന്ദന്‍ കേരളത്തില്‍ ആദ്യമായി ഷൊര്‍ണൂരില്‍ കാലുകുത്തി. കൊച്ചി ദിവാനായിരുന്ന ശങ്കരയ്യരുടെ കൂടെ കുറച്ചുനാള്‍ താമസിച്ചു. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരത്ത് രാജാവിന്റെ മരുമകന്റെ ട്യൂട്ടറായിരുന്ന സുന്ദരരാമയ്യര്‍ക്കൊപ്പമായിരുന്നു താമസം. കേരളത്തിലെ ജാതിതിരിവുകളിലും തീണ്ടല്‍ തൊടീല്‍പോലുള്ള അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അസ്വസ്ഥനായ വിവേകാനന്ദന്‍ ‘കേരളം ഒരു ഭ്രാന്താലയമാണ്’ എന്ന് പ്രസ്താവിച്ചു.

1892ല്‍ തിരുവനന്തപുരത്തുനിന്ന് രാമേശ്വരം വഴി കന്യാകുമാരിയിലെത്തി. ഹിമാലയം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച വിവേകാനന്ദന്‍ കണ്ടത് മഹത്തായൊരു രാജ്യത്തിന്റെ ശോചനീയമായ അവസ്ഥയാണ്.

അമേരിക്കന്‍ പര്യടനത്തിനു വേണ്ട പണം പരിച്ചുകൊണ്ട് ശിഷ്യന്മാരെത്തിയപ്പോള്‍ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാണ് വിവേകാനന്ദന്‍ ആവശ്യപ്പെട്ടത്. വിവേകാനന്ദന്റെ ശിഷ്യനായ ഖെത്രി രാജാവാണ് അമേരിക്കന്‍ പര്യടനത്തിന് സ്വാമിജിയെ നിര്‍ബന്ധിച്ചത്. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരമാണ് വിവേകാനന്ദന്‍ എന്ന പേര് സ്ഥിരമായി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

1893 മെയ് 31ന് ഖെത്രി രാജാവ് നല്‍കിയ ഫസ്റ്റ്ക്ലാസ് ടിക്കറ്റില്‍ എസ്.എസ് പെനിന്‍സുലാര്‍ എന്ന കപ്പലില്‍ മുംബൈ തുറമുഖത്തുനിന്ന് അമേരിക്കന്‍ പര്യടനത്തിനുള്ള ജൈത്രയാത്ര സ്വാമിജി ആരംഭിച്ചു. സിംഗപ്പൂര്‍, ഹോങ്കോങ്, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ യാത്രക്കിടെ സന്ദര്‍ശിച്ചു. കാനഡയിലെ വാന്‍കൂവറില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് സ്വാമിജി ഷിക്കാഗോയിലെത്തിയത്.

വിശ്വമേളയുടെ അന്വേഷണവിഭാഗത്തിലന്വേഷിച്ച സ്വാമിജിക്ക്, ‘മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ വിവേകാനന്ദനെ ധനികയായ ഒരു വനിതയാണ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ ഗ്രീക്ക് പ്രൊഫസറായ ജെ.എച്ച്.റൈറ്റിനെ പരിചയപ്പെടുത്തിയത്.

മതമഹാസമ്മേളനത്തിന്റെ നിര്‍വാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: ‘ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരെയും ഒന്നിച്ചുചേര്‍ത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സമ്മേളനത്തില്‍ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്.

1893 സപ്തംബറില്‍ സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ നടത്തിയ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ അമേരിക്കന്‍ ചേതനയെ കുലുക്കിയുണര്‍ത്തി. അടുത്ത ദിവസത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനവേദിയില്‍ വിവേകാനന്ദന്‍ പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നടത്തി.

1894ല്‍ സ്വാമിജി ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895ല്‍ വിവേകാനന്ദന്‍ ഫ്രാന്‍സ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനില്‍ മിസ് മുള്ളറും മിസ്റ്റര്‍ സ്റ്റര്‍ഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോര്‍ക്കിലേക്കു പോയി. ‘കര്‍മയോഗ’ത്തെക്കുറിച്ച് ന്യൂയോര്‍ക്കില്‍ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. ഇംഗ്ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അഭേദാനന്ദ സ്വാമിയെയും അമേരിക്കയിലേത് ശാരദാനന്ദ സ്വാമികളെയും സ്വാമി വിവേകാനന്ദന്‍ ഏല്പിച്ചു.

1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയില്‍നിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനില്‍ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതമക്കളില്‍നിന്ന് വന്‍സ്വീകരണമായിരുന്നു ലഭിച്ചത്.

രാമനാട്, മധുര, തിരുച്ചി, കുംഭകോണം വഴി മദ്രാസിലെത്തിയ സ്വാമിജി, ‘ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം’ എന്ന പ്രധാന വിഷയത്തിലൂന്നി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഒരു പ്രവചനംപോലെ സ്വാമിജി ഇപ്രകാരം പറഞ്ഞു: ‘ഇനി അമ്പതു കൊല്ലത്തേക്ക് അമ്മയായ മാതൃഭൂമി മാത്രമായിരിക്കണം ഭാരതീയരുടെ ആരാധ്യദേവത. കഥയില്ലാത്ത മറ്റ് ഈശ്വരന്മാരൊക്കെ നമ്മുടെ മനസ്സില്‍നിന്നു മാഞ്ഞുപോകട്ടെ.’

മദ്രാസില്‍നിന്ന് സ്വാമിജി കടല്‍മാര്‍ഗം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തയിലെത്തിയ സ്വാമിജി ആലം ബസാറിലെ സന്ന്യാസിമഠത്തില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. സന്ന്യാസിമാരെ ലോകസേവനത്തിനായി പലയിടങ്ങളിലേക്കയച്ചു.

ബാഗ് ബസാറില്‍ നിവേദിത വിദ്യാലയം എന്ന സ്ഥാപനം സ്ഥാപിച്ചു. പില്‍ക്കാലത്ത് സ്ത്രീകള്‍ക്കു മാത്രമായി ശാരദാമഠം സ്ഥാപിക്കപ്പെട്ടു.

ആസ്ത്മയുടെ ആക്രമണവും അവിശ്രമമായ പ്രവര്‍ത്തനവും കാരണം വിവേകാനന്ദന്റെ ആരോഗ്യം തകര്‍ന്നിരുന്നു. അനാരോഗ്യം മറച്ചുവെച്ച് പടിഞ്ഞാറന്‍ നാടുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തുരീയാനന്ദന്‍, സിസ്റ്റര്‍ നിവേദിത എന്നിവര്‍ക്കൊപ്പം 1899ല്‍ ലണ്ടനിലേക്കു പോയി.

കുറച്ചുകാലം ലണ്ടനില്‍ ചെലവഴിച്ചശേഷം സ്വാമിജി അമേരിക്കയിലേക്കു പോയി. ഷിക്കാഗോയില്‍നിന്ന് 1900ത്തില്‍ പാരീസിലെത്തി. അവിടെ യൂണിവേഴ്‌സല്‍ എക്‌സ്‌പൊസിഷനോടനുബന്ധിച്ച് നടന്ന മതചരിത്ര മഹാസഭയില്‍ സംസാരിച്ചു.

തുടര്‍ന്ന് സ്വാമിജി വിയന്ന, ഏഥന്‍സ്, കെയ്‌റോ വഴി ഇന്ത്യയിലെത്തി. രോഗം മൂര്‍ച്ഛിച്ച ആ അവസ്ഥയിലും വിവേകാനന്ദന്‍ വിശ്രമമില്ലാതെ ഇന്ത്യയെങ്ങും സഞ്ചരിച്ചു. മഠാധിപതിയുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചു.

ദരിദ്രരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദന്‍ ഏറ്റവുമേറെ സംതൃപ്തിയനുഭവിച്ചത്. സര്‍വസംഗ പരിത്യാഗം, നിരപേക്ഷമായ കര്‍മം, വേദാന്ത ധര്‍മം എന്നിവയാണ് വിവേകാനന്ദ സന്ദേശത്തിലെ മുഖ്യ വിഷയങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ മന്ദ്രമധുരഗാനം ഭാരതം ആദ്യമായി ശ്രവിച്ചത് ആ ധീരമൊഴികളിലാണ്. ഒരു പരിവ്രാജകനായിട്ടും അദ്ദേഹം ഭാരതത്തിന്റെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്കായി ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക എന്നുള്ളതായിരിക്കണം ഒരു സന്ന്യാസിയുടെ രണ്ടു പ്രതിജ്ഞകളെന്ന് അദ്ദേഹം വിശ്വസിച്ചു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി സ്വാമി വിവേകാനന്ദന്‍ സമാധിയടഞ്ഞു.

ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടി യത്‌നിച്ച ആ മഹാന്‍ പറയുന്നത്, ‘ചിലപ്പോള്‍ ഞാന്‍ വിചാരിക്കും, ആശ്രമങ്ങളും മറ്റും കെട്ടുന്നതുകൊണ്ട് എന്തു ഗുണം? ഇവയെല്ലാം വിറ്റു കിട്ടുന്ന പണം പാവങ്ങള്‍ക്കു കൊടുത്താലോ? ആരാധനയുടെ നിയമങ്ങളെല്ലാം വലിച്ചെറിയാം, സാധുജന സേവനത്തിനായി ജീവിതം സമര്‍പ്പിക്കാം’ എന്ന്.

====

വിവേകാനന്ദം
തയ്യാറാക്കിയത് : ഗീതാരാമചന്ദ്രന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s